കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം

0
61

കൊറ്റൻകുളങ്ങര ക്ഷേത്രമാണ് ചവറയിലേക്ക് വിശ്വാസികളെ ആകർഷിക്കുന്ന ഘടകം. ചമയ വിളക്ക് എന്ന ആഘോഷത്തിന്റെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കിന്റെയന്ന് ഇവിടെ കാണുവാൻ സാധിക്കുക. കൊല്ലത്തു നിന്നു മാത്രമല്ല, കേരളത്തിന്റെയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പോലും ചമയവിളക്കിന് ആളുകൾ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.

ദേവി വന്ന കഥ ഇവിടെ എങ്ങനെയാണ് ഒരു ക്ഷേത്രം വന്നത് എന്ന കഥ രസകരമാണ്. ഒരു കാലത്ത്, അതായത് ക്ഷേത്രം വരുന്നതിനും മുന്‍പേയുള്ള സമയം ഇവിടം ഒരു വലിയ കാടായിരുന്നുവത്രെ. ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളും ചെടികളും ഒക്കെക്കൊണ്ട് പച്ചപ്പിൽ പൊതിഞ്ഞ ഒരിടം. അതിനു മറുവശത്താി ഭൂതക്കുളം എന്ന പേരിൽ ഒരു കുളവും ഉണ്ടായിരുന്നു. വിഷപ്പാമ്പുകളുടെ താവളമായിരുന്നുവത്രെ ഇവിടം. ഇതിന്റെ കുറച്ചു മാറിയും കുളത്തിന്റെ കുറച്ചു ഭാഗങ്ങൾ കാണാം. മഴക്കാലത്ത് ഇവിടെ നിന്നും വരുന്ന ഒരു ഉറവയാണ് ഈ നാടിനെ ഫലഭൂഷ്ഠിയുള്ളതാക്കി മാറ്റിയിരുന്നത്. ഇവിടെ ധാരാളം പചപ്പുല്ല് വളർന്നിരുന്നതിനാല‍് കന്നുകാലികളെ മേയിക്കുന്നവർ ഇവിടെ വന്നിരുന്നു. ഒരിക്കൽ അവർക്ക് കുളത്തിന്റെ സമീപത്തു നിന്നും ഒരു തേങ്ങ കിട്ടുകയുണ്ടായി.തേങ്ങ പൊട്ടിക്കുന്നതിനായി അവർ അവിടെ കണ്ട ഒരു കല്ലിൽ തേങ്ങയിടിച്ചു പെട്ടന്നു അതിൽ നിന്നും രക്തം ഒഴുകുവാൻ തുടങ്ങി. ഗ്രാമത്തിലെ മുതിർന്നവരെല്ലാം എത്തുകയും പ്രശ്നം വെച്ചപ്പോൾ അവിടെ ദേവീ സാന്നിധ്യം കാണുകയും ചെയ്തു. പിന്നീട് ഇവിടെ ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ആദ്യരൂപം ഉയർന്നു. അക്കാലത്ത് കുടുംബ ക്ഷേത്രങ്ങളിൽ ബാലികമാർ പൂമാലയും വിളക്കും ഒക്കെയായി പോകുനന്ത് ഒരു ചടങ്ങായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പശുവിനെ മേയിക്കുന്ന ആ ആളുകൾ ഇവിടെ സ്ത്രീകളുടെ വേഷം ധരിച്ച് ഈ ക്ഷേത്രത്തിൽ പോകുവാൻ തുടങ്ങി എന്നാണ് ഐതിഹ്യം പറയുന്നത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ ചമയവിളക്ക് നടത്തും. മീനം 10,11 തിയ്യതികളിലാണ് ഇത് നടക്കുക. രാവിലെ 5.30 നു പള്ളിയുണർത്തോടു കൂടി ക്ഷേത്രം തുറക്കും. 7.30 നു ഉഷപൂജ, 10.30ന് ഉച്ചപൂജ,11.00ന് നടഅടപ്പ്, വൈകിട്ട് 5.00ന് നട തുറപ്പ്, 6.45ന് ദീപാരാധന, 7.30ന് അത്താഴ പൂജ, 8.30 നടഅടപ്പ് എന്നിങ്ങനെയാണ് ഇവിടുത്തെ പൂജ സമയം.

കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ബസിന് എത്തിച്ചേരുവാൻ വളരെ എളുപ്പമാണ്. കൊല്ലത്തിനും തിരുവനന്തപുരത്തിനുമുള്ള എല്ലാ ബസുകളും ഇത് വഴിയാണ് പോകുന്നത്. കൊല്ലത്തിനും കരുനാഗപ്പള്ളിയ്ക്കും ഇടയിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എപ്പോഴും ബസ് സർവ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കരുനാഗപ്പള്ളിയാണ്. എന്നാൽ മിക്ക ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ല. അതിനാൽ ട്രെയിനിനു വരുന്നവർ കൊല്ലം റെയിൽവേ സ്റ്റേഷനിലിറങ്ങുത. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്ററും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 80 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

കടപ്പാട് : Travel Memmories

LEAVE A REPLY

Please enter your comment!
Please enter your name here