കൈ വെള്ളയിൽ ഒതുങ്ങി പോകാൻ വിധിക്കപ്പെട്ട ബാല്യങ്ങൾ!!!

0
335

അവൾക്ക് കൂട്ടുകാരോടൊപ്പം പറമ്പിലൊക്കെ ഓടി കളിച്ചു രസിക്കാൻ ഇഷ്ടമാണെങ്കിലും അവളെ കളിയ്ക്കാൻ വിട്ടാൽ ഞങ്ങൾക്ക് പണിയാണ്. ഒരു പത്തുപ്രാവശ്യം ഞാനും രജ്ജു ഏട്ടനും മാറി മാറി പോയി നോക്കും. പേടിയാണ് അവൾ അവിടെ ഉണ്ടോ? ആരെങ്കിലും എന്റെ കുഞ്ഞിനെ എന്തേലും ചെയ്യുമോ?. അതുകൊണ്ട് തന്നെ പലപ്പോഴും അവൾ കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ പോകുനെന്നു പറഞ്ഞു വാശി പിടിയ്ക്കുമ്പോൾ ഞാൻ കർക്കശക്കാരിയായ ‘അമ്മയാകും.”പോണ്ട” എന്ന പറഞ്ഞു അവളുടെ കുഞ്ഞു മനസ്സിനെ അറിഞ്ഞു കൊണ്ട് വേദനിപ്പിയ്ക്കും. അത് അവളോടുള്ള ദേഷ്യം കാരണമാണെന്നാകും അവൾ കരുതുന്നുണ്ടാകുക. പക്ഷെ അത് ഒരമ്മയുടെ മനസ്സിന്റെ ആകുലത അവൾക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു കരുതി ഞാൻ സ്വയം സമാധാനിയ്ക്കും. ഒരു കടിഞ്ഞാണുമില്ലാതെ പാടത്തും പറമ്പിലും തോട്ടുവക്കത്തുമോക്കെ പാറി പറന്നു നടന്നുള്ള നമ്മുടെയൊക്കെ ബാല്യകാലത്ത് അമ്മമാർക്കില്ലാത്ത ആശങ്കയും ഭയവും ഇന്ന് അധികമായത് സോഷ്യൽ മീഡിയയിലും മറ്റും വരുന്ന പലതരം വാർത്തകൾ കണ്ടും കേട്ടും മനസ്സ് മരവിച്ചത് കൊണ്ട് തന്നെയാണ്.

പക്ഷെ ആ പഴയ കാലത്തും ബാല പീഡനമില്ല എന്ന്‌ ഞാൻ പൂർണ്ണമായും സമ്മതിക്കില്ല. പക്ഷെ നടക്കുന്നത് പീഡനാമാണെന്ന് മനസ്സിലാക്കാനുള്ള അറിവ് അന്ന് നമുക്കുണ്ടായിരുന്നിട്ടുണ്ടാകില്ല എന്നതാണ് സത്യം.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരനുഭവം ഇവിടെ കുറിയ്ക്കുന്നു അന്നെനിക്ക്, പത്ത് വയസ്സ് കഷ്ടി ഉണ്ടാകും. അത് വരെ ഒരു വാനിൽ ആയിരുന്നു സ്കൂൾ യാത്രാകൾ. അഞ്ചാം ക്ലാസിൽ ആയപ്പോ എനിക്ക് തന്നെ ബസ്സിൽ പോകാൻ ഒരു പൂതി കയറി. ക്ലാസ്സിലെ കൂട്ടുകാരിൽ അധികവും സ്കൂളിൽ വന്നിരുന്നത് ലൈൻ ബസ്സിൽ ആയിരുന്നു. യാത്രകളിലെ അനുഭവവും ഒക്കെ എനിക്കും ബസ്സിൽ പോകാനുള്ള മോഹം കൂട്ടി. പക്ഷെ അച്ഛനും അമ്മയും സമ്മതിച്ചില്ല. അതിനവരെയോട് എനിയ്ക്ക് ഒത്തിരി ദേഷ്യവും തോന്നിയിരുന്നു. വാനിലെ ആന്റി വലിയ കർക്കശക്കാരിയായിരുന്നു. വാനിൽ കേറിയാൽ പിന്നെ മിണ്ടാനും ബഹളം ഉണ്ടാക്കാനും ഒന്നും പാടില്ല. അവർ നല്ല പിച്ച് തരും. പിന്നെ വലിയ ചേച്ചിമാർക്ക് മാത്രമേ സീറ്റിൽ ഇരിക്കാൻ പറ്റു അല്ലാത്തവർ ഒന്നുകിൽ അവരുടെ മടിയിൽ ഇരിക്കണം അല്ലെങ്കിൽ സീറ്റിന്റെ ഇടയിൽ നിൽക്കണം. ആന്റിയുടെ കണ്ണുരുട്ടലും ദേഷ്യപ്പെടലുമെല്ലാം അസഹനീയമായി തുടങ്ങിയ നാളുകളായിരുന്നു അത്. അങ്ങനെ ഇരിക്കെ ഒരിക്കലും അടങ്ങിയിരിക്കാത്ത എനിയ്ക്ക് ആന്റിടെ കൈയ്യിന്ന് നല്ല പിച്ച് കിട്ടി. അന്ന് വീട്ടിൽ വന്ന് യൂണിഫോം ഊരുന്നതിനിടെ അമ്മ എന്റെ കൈയ്യിലെ നീലിച്ച് കിടന്ന പാട് കണ്ടു. ആന്റി നുള്ളിയ കാര്യം ഞാൻ പറഞ്ഞു. അന്ന് വൈകിട്ട് ഓഫീസിൽ നിന്ന് അച്ഛൻ വരുവാൻ ഉമ്മറ പടിയിൽ ‘അമ്മ’കാത്ത് നിന്നിരുന്നു. അച്ഛനോട് എന്തൊക്കെയോ പറഞ്ഞു. അച്ഛൻ എന്നെയും തൂക്കിയെടുത്ത് ഉടൻ തന്നെ വാൻ അങ്കിളിന്റെ വീട്ടിൽ ചെന്നു. അയാളുടെ ഭാര്യയാണ് നമ്മുടെ വില്ലത്തിയായ ആന്റി. അവരെ കണ്ണ് പൊട്ടുന്ന നാല് ചീത്ത പറഞ്ഞു എന്നിട്ട് അത് വരെയുള്ള വാൻ ഫീസും അവരുടെ കൈയ്യിൽ കൊടുത്ത്‌ ആ വാൻ യാത്ര മതിയാക്കിപ്പിച്ച എന്റെ ഹീറോ ആയ അച്ഛൻ, അന്ന് കട്ട ഹീറോയിസം കാട്ടിയത് ഇന്നും മറക്കാനാകാത്ത ഒരു ഓർമ്മയാണ്.

പിന്നീട് അച്ഛൻ എനിയ്ക്ക് ലൈൻ ബസ്സിന്‌ പോകാൻ സമ്മതം നൽകി. എനിക്ക് നല്ല ഉത്സാഹം ആയിരുന്നു അന്നൊക്കെ ബസ്സിൽ സ്‌കൂളിൽ പോകാൻ. രാവിലെ സ്റ്റോപ്പിൽ ഒരുപാട് പിള്ളേരുണ്ടാകും അവരുടെ കൂടെ തമാശയും കളിയും ചിരിയും ആയി ഞാൻ ബസ്സിൽ സ്കൂളിൽ പോകാൻ തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ടാൽ വാനിൽ കേറി ഇരിക്കുന്നാൽ മതിയായിരുന്നു. പക്ഷെ ബസ്സിൽ പോകാൻ തുടങ്ങിയപ്പോ അത് മാത്രം
ഒരു പ്രയാസം ആയി. പല ബസ്സിലും കുട്ടികൾ തിക്കി തിരക്കി കയറും. ഞാൻ ഒരു ഉണ്ടാപ്പി ആയതോണ്ട് എനിക്കെപ്പോഴും ഉന്തലിലും തള്ളലിലും അവസാനമേ ബസ്സിൽ കയറാൻ പറ്റുള്ളൂ. അപ്പോഴേയ്ക്കും സീറ്റൊക്കെ നിറയും. ബസ്സിന്റെ മുകളിലെ കമ്പി പിടിയ്ക്കാൻ എന്നും എന്റെ പൊക്കം ഒരു തടസ്സം ആയിരുന്നു. അതോണ്ട് ഇരിക്കുന്നവരുടെ സീറ്റിനിടയിൽ ഞാൻ കയറി നിൽക്കും. എന്നിട്ട് ജനലിനടുത്തുള്ള കമ്പിയിൽ പിടിച്ച് പുറത്തെ കാഴ്ചയൊക്കെ കാണും. സമീപത്ത് തന്നെ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരോട് വാചകമൊക്കെ അടിച്ചങ്ങനെ.. അങ്ങനെ.. ഒരു രസം ആയിരുന്നു.

പക്ഷെ അധികം താമസിയാതെ എന്റെ രസം ഒരു നാൾ മങ്ങി. ബസ്സിൽ കേറുമ്പോ വലിയ ചേച്ചിമാർ ഇപ്പോഴും സ്ത്രീകളുടെ സീറ്റിനിടയിൽ മാത്രം നിൽക്കുമായിരുന്നുള്ളു. സ്ത്രീ പുരുഷ ഭേദം ഒന്നും ഇല്ലാത്ത എന്റെ മനസ്സിൽ എല്ലാ മുതിർന്ന സ്ത്രീകളും എന്റെ അമ്മയെ പോലെയും മുതിർന്ന ആണുങ്ങൾ
അച്ഛനെ പോലെയും വയസ്സായവർ അപ്പുപ്പനെയും അമ്മാമയെയും പോലെയൊക്കെയായിരുന്നു. കുഞ്ഞു മനസ്സിൽ കള്ളം ഉണ്ടാകില്ലല്ലോ. പക്ഷേ ഒരു ദിവസം ഞാൻ പതിവ് പോലെ രണ്ടു പുരുഷന്മാർ ഇരിക്കുന്ന സീറ്റിനിടയിൽ ജനലരികിൽ സ്വസ്ഥമായി നിന്ന് പുറത്തെ കാഴ്ച ആസ്വദിച്ച് കാറ്റൊക്കെ കൊണ്ട്
ബസ്സിൽ നിൽക്കുകയായിരുന്നു.

പെട്ടെന്ന് എന്റെ അടിവയറ്റിനു താഴെ ആരോ അമർത്തി പിടിച്ച മാതിരി തോന്നി. ഞാൻ നോക്കുമ്പോൾ ജനലിനരുകിൽ ഇരിക്കുന്ന എന്റെ അപ്പുപ്പനോളം പ്രായം തോന്നിയ്ക്കുന്ന നരച്ച മുടിയുള്ള ഒരു മനുഷ്യന്റെ കറുത്ത കരങ്ങൾ എന്റെ ശരീരത്തിൽ ആഴത്തിൽ സ്പർശിക്കാനുള്ള ശ്രമം നടത്തുന്നു. അത് എനിക്ക് ചെറിയ വേദനയും ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. ആ വൃത്തികെട്ടവന്റെ മുഖം ഇന്നും എനിയ്ക്ക് മറക്കാൻ കഴിയുന്നില്ല. ജീവിതത്തിൽ ആദ്യവും അവസാനവുമായി എനിക്ക് അനുഭവപ്പെട്ട ബാല പീഡനം അന്നായിരുന്നു സംഭവിച്ചത്. എന്തോ ചീത്ത കാര്യമാണ് നടന്നതെന്ന് എനിക്ക് തോന്നി. അത് മനസ്സിൽ സ്വയം തോന്നിയതാണ്. ഞാൻ പെട്ടെന്ന് പിടഞ്ഞു കുതറി മാറി സീറ്റിനു പുറത്തിറങ്ങി. അയാളുടെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരൻ ഇത് കണ്ടിട്ടും ഒരക്ഷരം മിണ്ടിയില്ല. ഞാനാ മനുഷ്യനെ സൂക്ഷ്മമായി ഒന്നുടെ നോക്കി. അയാൾ മുഖം ജനലിനപ്പുറം ചെരിച്ച് കുനിഞ്ഞിരിക്കുന്ന കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്. എനിക്ക് കരച്ചിൽ വന്നു. കണ്ണൊക്കെ നിറഞ്ഞു. ഞാൻ കരയുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ചേച്ചിമാർ കാര്യം അന്വേഷിച്ചെങ്കിലും എനിക്ക് പറയാൻ തോന്നിയില്ല. എനിക്ക് പേടി ആയിരുന്നു.

എനിക്ക് എന്തോ മോശം സംഭവിച്ചുന്നു അപ്പൊ തോന്നി തുടങ്ങി. വീട്ടിൽ ചെന്നപ്പോ അമ്മേടെ മുഖം കണ്ടപ്പോ ഞാൻ വിങ്ങി പൊട്ടി. പക്ഷെ കരഞ്ഞില്ല. നെഞ്ചിൽ ഒരു ഭാരം പോലെ ആയിരുന്നു. ചിത്രം വരച്ചും പാട്ടു പാടിയൊക്കെ നടന്ന ഞാൻ പെട്ടെന്ന് ഒരിടത്ത് ചടഞ്ഞു കൂടി ആലോചിച്ച് ഇരിക്കുന്നത് കണ്ട അമ്മ, പലവട്ടം, കാര്യം ചോദിച്ചു. എനിക്ക് പറയാൻ വെറുപ്പായിരുന്നു. “പാറൂന് എന്തോ പറ്റിയിട്ടുണ്ടെന്നു” ഉറക്കം നടിച്ച് കിടക്കുന്ന എന്നെ നോക്കി ‘അമ്മ’ അച്ഛനോട് അടക്കം പറയുന്നതും കേട്ടിട്ടുണ്ട്. എനിയ്ക്ക് എന്റെ ശരീരത്തിൽ എന്തോ ചളി പറ്റിയ പോലെ അല്ലെങ്കിൽ ഒരു ചാണക കുണ്ടിൽ വീണ പോലെ ഒക്കെ ഒരു തോന്നൽ ആയിരുന്നു. വല്ലാത്ത മനോവിഷമം… അച്ഛന്റേം അമ്മേടെം സ്നേഹവും ലാളനയും അനിയത്തിയുമായുള്ള കളികളും ഒക്കെ പതിയെ പതിയെ ആ “മോശം” തോന്നലിൽ നിന്ന് എന്നെ പുറത്തെത്തിച്ചു.

പക്ഷെ അന്ന് മുതൽ എനിയ്ക്ക് നഷ്ടപ്പെട്ടത് എന്റെ മനസ്സിലെ വിശ്വാസം ആയിരുന്നു. എല്ലാരും അച്ഛനമ്മമാരെ പോലെ, അല്ലെങ്കിൽ നമ്മുടെ
വേണ്ടപ്പെട്ടവരെ പോലെ ആകില്ല എന്ന വിശ്വാസം. പിന്നീട് സ്ത്രീകളെയും പുരുഷന്മാരെയും ഞാൻ വേർതിരിച്ച് കാണാൻ തുടങ്ങി, അന്യ പുരുഷന്മാർ ദേഹത്ത് ഒന്ന് തൊടാൻ പോലും അവസരമൊരുക്കാതെ സ്വയം സംരക്ഷിക്കാൻ ഞാൻ പഠിച്ച്തുടങ്ങിയിരുന്നു. സ്വയരക്ഷ ഒരുക്കാനും പഠിച്ചു. അതിനായി ബസ്സിൽ കയറുമ്പോ വലിയ ചേച്ചിമാരെ പോലെ ഒരു സേഫ്റ്റി പിന് സുരക്ഷിതമായി അരയിൽ ഞാനും തിരുകി വയ്ക്കാൻ തുടങ്ങി. അത് ആരുടെ മേലും പിന്നീട് എനിക്ക് പ്രയോഗിക്കേണ്ട അവസരം ദൈവം വരുത്തിയില്ല എന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്. പക്ഷെ എനിക്ക് ഉണ്ടായ ഈ അനുഭവം ഞാൻ മറ്റുള്ള മക്കളിലും വരാനുള്ള സാധ്യത മുന്നിൽ കാണുന്നു. ചെറുതാണെന്ന് നിങ്ങൾക്ക് പലർക്കും തോന്നാമെങ്കിലും അന്നത്തെ എന്റെ കുഞ്ഞു മനസ്സിനെ ഉലച്ച ഒരു സംഭവം ആയിരുന്നു അത്. അതിൽ നിന്ന് സ്വയം കരകയറാൻ ഞാൻ ശ്രമിച്ചത് എന്നെ കൂടുതൽ കരുത്തയാക്കി എങ്കിലും അത് മനസ്സിലെ കരടായി ഇന്നും മായാതെ നിൽക്കുന്നു.

ഈ കരട് ഉള്ളത് കൊണ്ട് തന്നെ, ഇപ്പോഴും എന്റെ മകളെ അപരിചിതരായ ആരും ലാളിക്കുന്നതും, ഒന്ന് തൊടുന്നത് പോലും ഞാൻ പ്രോത്സാഹിപ്പിയ്ക്കാറില്ല. എനിക്കത് ഇഷ്ടമല്ല. പെൺ കുഞ്ഞുങ്ങളെ സ്പർശിച്ച് കൊണ്ട് അവരോട് സ്നേഹം കാണിക്കേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നിയില്ല. എല്ലാരും ഒരുപോലെ അല്ല.
നല്ല വരും ദുഷിച്ച മനസ്സുള്ളവരും ഉണ്ടാകാം. പക്ഷെ ഈ ദുഷിച്ച കാലത്ത് ആരെ വിശ്വസിക്കണം എന്ന് മനസ്സിന് എപ്പോഴും ആശങ്കയാണ്. നമ്മുടെ മക്കളുടെ
നേർക്ക് നമ്മുടെ കണ്ണുകൾ സദാസമയവും ഉണ്ടാകണം. കുഞ്ഞുങ്ങളെ കൈവെള്ളയിൽ സൂക്ഷിച്ചു വളർത്തേണ്ടഗതികെട്ട കാലമായി പോയി ഇത്…..
എന്ത് ചെയ്യാം
!!!കലികാലം

By parvathy sankar ranjith (writer)

വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. doxycycline reviews, zithromax reviews.

LEAVE A REPLY

Please enter your comment!
Please enter your name here